ചാലക്കുടിയില്‍ കെ.എസ്.ഇ.ബി ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മാണം തുടങ്ങി

 ചാലക്കുടി: ചാലക്കുടിയില്‍ കെ.എസ്.ഇ.ബിയുടെ വാഹന ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു.
അതിരപ്പിള്ളി റോഡിനോട് ചേര്‍ന്നുള്ള ചാലക്കുടി 440 കെ.വി. സബ് സ്റ്റേഷന്‍ വളപ്പിലാണ്​ ഇതിന്‍റെ നിര്‍മാണം നടക്കുന്നത്​. ഈ മാസം അവസാനമോ മാര്‍ച്ച്‌ ആദ്യത്തോടെയോ പ്രവര്‍ത്തനമാരംഭിക്കാനാണ്​ ലക്ഷ്യം. മൂന്ന് വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ടാകും.

ഒരു വാഹനം ചാര്‍ജ്​ ചെയ്യാന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയമെടുക്കും. ഒരു യൂനിറ്റ്​ വൈദ്യുതിക്ക്​ 13 രൂപയാണ് ഈടാക്കുക. വൈദ്യുത വാഹനങ്ങള്‍ക്ക്​ പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയില്‍ മൂന്നാമത്തെ ചാര്‍ജിങ് സ്റ്റേഷനാണ് ചാലക്കുടിയിലേത്​. സംസ്ഥാനത്ത്​ 50ല്‍പരം സ്റ്റേഷനുകളുടെ നിര്‍മാണം നടന്നുവരുന്നുണ്ട്​. TCMChdy - 1 ചാലക്കുടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ നിര്‍മിക്കുന്ന വാഹന ചാര്‍ജിങ്​ സ്റ്റേഷന്‍

Comments