ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതി ഫോൺ വിട്ടു നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചേക്കും

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ വിട്ടുനല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വധഗൂഢാലോചന കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

അതേസമയം നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദ്യശ്യങ്ങള്‍ അന്വോഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന്‍റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ദിലീപിന്‍റെ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും.ഇതിനിടയില്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൃശൂര്‍ സ്വദേശി സലീഷിന്‍റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ടു അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2020 ആഗസ്ത് 30 നായിരുന്നു സലീഷിന്‍റെ മരണം. സലീഷ് ഓടിച്ചിരുന്ന കാര്‍ അങ്കമാലി ടെല്‍ക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം. തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സലീഷിന്‍റെ മരണത്തില്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദുരൂഹത ആരോപിച്ചിരുന്നു.

Comments