ആർക്കും സംശയം തോന്നാതിരിക്കാൻ വാടകക്കാരനായി സാധാരണ ജീവിതം; അമേരിക്കൻ സൈന്യം വളഞ്ഞപ്പോൾ സ്വയം പൊട്ടിത്തെറിച്ച് ഖുറേഷിയും കുടുംബവും: കണ്ടെടുത്തത് 13 മൃതദേഹങ്ങൾ

യു എസിന്റെ സൈനിക നീക്കത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി 2019ല്‍ കൊല്ലപ്പെട്ടു.
ഇതിന് പിന്നാലെ അബു ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷി ഐഎസിന്റെ പുതിയ തലവനായി ചുമതലയേറ്റു. എന്നിരുന്നാലും ഐഎസ് തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനുള്ള ശ്രമങ്ങളും സൈനിക ഓപ്പറേഷനുകളും അമേരിക്ക തുടര്‍ന്നു കൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ ഖുറേഷി ഐഎസ് തലവനായി രണ്ടര വര്‍ഷത്തോളം പിന്നിടുമ്ബോള്‍ അമേരിക്കയെ പേടിച്ച്‌ ആത്മഹത്യ ചെയ്തിരിക്കുകയാണ്.

യുഎസിന്റെ ആക്രമണം നേരിടാനാകാതെ കുടുംബത്തെയടക്കം സ്‌ഫോടനം നടത്തിയാണ് ക്രൂരതയുടെ പര്യായമായ ഭീകരസംഘടനയുടെ തലവന്‍ മരിച്ചത്. 2019ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കയുടെ ആക്രമണം നേരിടാനാകാതെ ബംഗറിനുള്ളില്‍ കയറി പൊട്ടിത്തെറിച്ചെങ്കില്‍ അതിനു സമാനമാണു ഖുറേഷിയുടേതെന്നുമാണ് യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. യുഎസ് സൈന്യം എത്തിയപ്പോള്‍, സ്വയം പൊട്ടിത്തെറിച്ചാണു ഖുറേഷി മരിച്ചത്. ഒപ്പം ഖുറേഷിയുടെ കുടുംബവും കൊല്ലപ്പെട്ടു. ഇയാള്‍ക്കെതിരായ യുഎസ് നീക്കത്തിനു ശേഷം പ്രദേശത്തുനിന്ന് 13 മൃതദേഹങ്ങളാണു കണ്ടെത്തിയത്.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വാടക വീട്ടില്‍ സാധാരണക്കാരനായിട്ടായിരുന്നു ഖുറേഷിയുടെ ജീവിതം. മൂന്നു കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണു വീട്ടില്‍ കഴിഞ്ഞിരുന്നത്. അയാളുടെ വിധവയായ സഹോദരിയും അവരുടെ മകളും കൂടെ ഉണ്ടായിരുന്നു. ഇവരെല്ലാം സ്‌ഫോടനത്തില്‍ മരിച്ചു. തികച്ചും സാധാരണക്കാരനെ പോലെ ജീവിച്ചിരുന്നതിനാല്‍ ആര്‍ക്കും ഒരു സംശയം പോലും അദ്ദേഹത്തെ ചുറ്റിപ്പറ്റി തോന്നിയതും ഇല്ല. 10 മില്യന്‍ ഡോളറാണ് ഖുറേഷിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് യുഎസ് സര്‍ക്കാര്‍ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്. അല്‍ ഖായിദ ഭീകര സംഘടനയിലെ ഉന്നതനെയാണ് യുഎസ് സൈനിക നീക്കത്തില്‍ ലക്ഷ്യമിട്ടതെന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന വിവരം.

അത്മെ നഗരത്തിലായിരുന്നു ഖുറേഷിയും കുടുംബവും താമസിച്ചിരുന്നത്. ഇയാളെ പിടിക്കാന്‍ യുഎസ് സൈന്യം നഗരം തന്നെ വളയുക ആയിരുന്നു. ഇതോടെയാണ് ഗതികെട്ട് ഖുറേഷി കുടുംബത്തോടൊപ്പം സ്വയം പൊട്ടിത്തെറിച്ചത്. ഇറാഖ് പൗരനായ ഖുറേഷി, തുര്‍ക്ക്‌മെന്‍ വിഭാഗക്കാര്‍ക്കു മുന്‍തൂക്കമുള്ള തല്‍ അഫര്‍ സ്വദേശിയാണ്. അമിര്‍ മുഹമ്മദ് സയിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ മാവിയ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.

 

ഇദ്‌ലിബ് പ്രവിശ്യയുടെ വടക്കാണ് അത്മെ നഗരം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ധരാത്രി നഗരാതിര്‍ത്തിയില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ ഇറങ്ങുകയായിരുന്നു. ആക്രമണത്തിന്റെ ഏതാനും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ മടങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പു വരെ വെടിയൊച്ചകള്‍ കേട്ടിരുന്നതായാണു പ്രദേശവാസികള്‍ പറയുന്നത്. സാങ്കേതിക തകരാറുകള്‍ കാരണം ഒരു ഹെലികോപ്റ്റര്‍ സ്ഥലത്ത് ഉപേക്ഷിച്ചാണ് സൈനികര്‍ മടങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതു സൈനികര്‍ തന്നെ ആകാശത്തുനിന്ന് ആക്രമിച്ചു തകര്‍ക്കുകയും ചെയ്തു.

'അയാളിവിടെ 11 മാസത്തോളമായി താമസിക്കുന്നു. സംശയകരമായി ഒന്നും ശ്രദ്ധയില്‍പെട്ടിട്ടില്ല. അയാള്‍ വരും, വാടക തരും, പോകും. മൂന്നു കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണു വീട്ടില്‍ കഴിഞ്ഞിരുന്നത്. അയാളുടെ വിധവയായ സഹോദരിയും അവരുടെ മകളും കൂടെയുണ്ടായിരുന്നതായും കെട്ടിട ഉടമ അബു അഹമ്മദ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോടു പറഞ്ഞു. ആദ്യം ചെറിയ സ്‌ഫോടനങ്ങളുടെയും പിന്നീടു വലിയ സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടിരുന്നതായി അത്മെ നഗരത്തില്‍ താമസിക്കുന്ന അബു അലി എന്നയാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഹെലികോപ്റ്ററിലെത്തിയ യുഎസ് സേന 'ഭയപ്പെടരുത്' എന്നു നഗരവാസികളോടു പറഞ്ഞിരുന്നത്രേ. ഭീകരരെ തുടച്ചുനീക്കാന്‍ ഒരു വീട്ടിലേക്കാണു പോകുന്നതെന്നും സൈനികര്‍ ലൗഡ് സ്പീക്കറില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിനു ശേഷം രണ്ടു നിലയുള്ള കെട്ടിടം ആകെ തകര്‍ന്ന നിലയിലായിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. അതിശക്തമായ പോരാട്ടം നടന്നതിനു തെളിവുകള്‍ കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിലുണ്ട്. കെട്ടിടത്തിന്റെ ജനാലകളെല്ലാം തകര്‍ന്നു. സീലിങ് കത്തിനശിച്ചു. മേല്‍ക്കൂര ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. മുറികളുടെ ചുവരുകളിലും തറയിലും രക്തം തളം കെട്ടിക്കിടക്കുന്നു. വാതിലുകളും കിടക്കകളുടെ അവശിഷ്ടങ്ങളും തറയിലുണ്ടായിരുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന ഇദ്ലിബ് മേഖലയില്‍ കുറച്ചു മാസങ്ങളായി യുഎസ് സേന ഭീകരവിരുദ്ധ നീക്കങ്ങള്‍ തുടരുകയാണ്. സിറിയന്‍ ഭരണാധികാരി ബഷാര്‍ അല്‍ അസദിനെ എതിര്‍ക്കുന്ന ഒടുവിലെ മേഖലയാണിത്. മുപ്പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഇവിടെ ജിഹാദിസ്റ്റുകള്‍ക്കാണു മേധാവിത്തം.

 

സിറിയന്‍ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ആളുകളുടെ വലിയ ക്യാംപുകള്‍ ഉള്ള നഗരമാണ് ആക്രമണം നടന്ന അത്മെ. ഭീകരര്‍ സാധാരണക്കാര്‍ക്കിടയില്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ദ്ധര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. തിരിച്ചുവരവിനു ശ്രമിക്കുന്ന ഭീകര സംഘടന അല്‍ഖായ്ദ സിറിയയെ സുരക്ഷിത കേന്ദ്രമാക്കുന്നതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാരും അവരെ പിന്തുണയ്ക്കുന്ന റഷ്യയും ഇദ്‌ലിബ് മേഖലയില്‍ ഭീകരവേട്ട നടത്താറുണ്ട്. വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ജയില്‍ ഐഎസ് ദിവസങ്ങള്‍ക്കു മുന്‍പ് ആക്രമിച്ചിരുന്നു. ജയിലിലുള്ള ഭീകരരെ മോചിപ്പിക്കുന്നതിനായിരുന്നു നീക്കം. ഐഎസ് അടുത്ത കാലത്തു നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. നൂറു കണക്കിനു പേര്‍ കൊല്ലപ്പെട്ടു.

ഈ സംഭവം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഐഎസ് തലവനെ തന്നെ വകവരുത്തിയെന്ന വാര്‍ത്ത യുഎസ് പുറത്തുവിടുന്നത്. ആക്രമണത്തിനു ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇങ്ങനെ പ്രഖ്യാപിച്ചു ' സൈനിക നീക്കത്തില്‍ പങ്കാളികളായ എല്ലാ യുഎസ് പൗരന്മാരും സുരക്ഷിതരായി തിരികെയെത്തി. അമേരിക്കക്കാരെയും സഖ്യകക്ഷികളെയും സംരക്ഷിക്കാനും ലോകം സുരക്ഷിതമായ ഇടമാക്കാനും വേണ്ടിയായിരുന്നു ഈ ഓപ്പറേഷന്‍.'


Comments