സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; പ്രവാസികൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ക്രിസ്ത്യന്‍ സഭകളുടെ ആവശ്യ പ്രകാരം ഞായറാഴ്ചകളില്‍ ആരാധനയ്ക്ക് അനുമതി നല്‍കി. 20 പേര്‍ക്ക് പങ്കെടുക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഏഴാം തീയതി മുതല്‍ പുനരാരംഭിക്കും. കോളേജുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകള്‍ കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരാനും അവലോകനയോഗത്തില്‍ തീരുമാനമായി.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയാകും. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്ബര്‍ക്കവിലക്ക് ആവശ്യമുള്ളൂ. പ്രവാസികള്‍ ക്വാറന്റൈനില്‍ തുടരേണ്ടതില്ലെന്നും തീരുമാനം. വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ നിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

സി കാറ്റഗറിയില്‍ നിലവില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ 'സി' യില്‍ നിന്ന് ഒഴിവാക്കി. കൊല്ലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

'ബി' കാറ്റഗറിയില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി 'എ' യില്‍പ്പെടും.

ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകണമെന്ന് വിവിധ വിഭാഗങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ബാറുകളും മാളുകളും പ്രവര്‍ത്തിക്കുമ്ബോള്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണം എന്തിനെന്നാണ് സര്‍ക്കാരിന് നേരെയുള്ള ചോദ്യം.

സംസ്ഥാനത്ത് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം നോക്കിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലാണ് കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.

രോഗവ്യാപന നിരക്ക് (ടിപിആര്‍) കഴിഞ്ഞ വാരം 50 ശതമാനമായി ഉയര്‍ന്നിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ടിപിആര്‍ 37 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്താകെ 3.69 ലക്ഷം പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്

Source - The Indian Express മലയാളം 

Comments