കൊല്ലവും 'ബി' കാറ്റഗറി
കൊല്ലം: കോവിഡ് നിയന്ത്രണങ്ങളുടെ മാനദണ്ഡമായ കാറ്റഗറി തിരിക്കലില്‍ 'സി' കാറ്റഗറിയില്‍ 'ഒറ്റപ്പെട്ടുപോയ' കൊല്ലം ജില്ലക്ക് മണിക്കൂറുകള്‍ക്ക് ശേഷം സ്ഥാനക്കയറ്റം.
ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ 30 ശതമാനത്തിനും മുകളില്‍ പോയതിന്‍റെ അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണങ്ങളുള്ള 'സി' കാറ്റഗറിയിലായിരുന്നു രണ്ടാഴ്ചയോളമായി ജില്ല. വെള്ളിയാഴ്ച ഉച്ചക്ക് പുതിയ കണക്ക് വന്നപ്പോഴും സംസ്ഥാനത്ത് ഈ വിഭാഗത്തിലുള്ള ഒരേ ഒരു ജില്ലയായി കൊല്ലം 'സി' കാറ്റഗറിയില്‍ തുടരും എന്നായിരുന്നു പ്രഖ്യാപനം. കോവിഡ് വ്യാപന നിരക്കില്‍ കുറവുണ്ടായ ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ ഇതര രോഗികളുടെ വിവരങ്ങള്‍ യഥാസമയം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാതിരുന്നതാണ് ഇത്തരത്തില്‍ 'കണ്‍ഫ്യൂഷന്' കാരണമായത്. ഇത് വ്യക്തമായതോടെ രാത്രിയോടെ അമ്ബതോളം ആശുപത്രികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് ജില്ല ആരോഗ്യവകുപ്പ് അധികൃതര്‍ വിശകലനം ചെയ്തു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ല സിയില്‍ നിന്ന് ബിയിലേക്ക് മാറുമെന്ന് വ്യക്തമായി. സംഭവത്തില്‍ കലക്ടര്‍ അഫ്സാന പര്‍വീണും ഇടപെട്ട് അടിയന്തര പ്രഖ്യാപനം നടത്തി. ബി കാറ്റഗറി നിയന്ത്രണമാകും ജില്ലയില്‍ ശനിയാഴ്ച മുതല്‍ ഉണ്ടാകുക. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ വര്‍ഗീകരണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലും പുതിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് തീരുമാനം എന്ന് കലക്ടര്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ്ലൈന് തീയതിയില്‍ നിന്ന് (ജനുവരി ഒന്ന്) ഇരട്ടിയാവുകയാണെങ്കില്‍ അവയാണ് കാറ്റഗറി 2 (ബി) ല്‍ ഉള്‍പ്പെടുന്നത് എന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലതല ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ്-ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തു. ബി നിയന്ത്രണങ്ങള്‍ ഇങ്ങനെ: *ആരാധനാലയങ്ങളില്‍ 20 പേര്‍; ഞായറാഴ്ച നിയന്ത്രണ ദിനത്തിലും 20 പേരെ അനുവദിക്കും *വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ * സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതുപരിപാടികള്‍ പാടില്ല * ഫെബ്രുവരി ഏഴു മുതല്‍ 10,11,12, ബിരുദ-ബിരുദാനന്തരം, ട്യൂഷന്‍ എന്നീ ക്ലാസുകള്‍ ഓഫ്‌ലൈനായി നടത്താം * ഫെബ്രുവരി 14 മുതല്‍ ക്രഷ്-കിന്‍റര്‍ഗാര്‍ട്ടന്‍ ക്ലാസുകളും ഓഫ്‌ലൈനാകാം *ഞായറാഴ്ച നിയന്ത്രണത്തില്‍ മാറ്റമില്ലെങ്കിലും പ്രത്യേക അനുമതി ലഭിച്ച അവശ്യ സര്‍വിസുകള്‍ക്ക് പ്രവര്‍ത്തിക്കാം. *സിനിമ തിയറ്ററുകള്‍ തുറക്കാം *ജിംനേഷ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം
Source - മാധ്യമം
Comments
Post a Comment
Please don't use abusive or harrassive language.If anybody posts comments without manners we will surely try to remove it