കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി പീഡിപ്പിക്കപ്പെട്ട ദൃശ്യം കോടതിയില്‍ വെച്ച്‌ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലാ സെഷന്‍ കോടതിയില്‍ വെച്ചാണ് ഇവ ചോര്‍ന്നത്.

സംസ്ഥാന ഫോറന്‍സിക് വിഭാ​ഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ അക്കാലയളവില്‍ കൈമാറിയിരുന്നെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്ബേ ഇത് സംബന്ധിച്ച സൂചനകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള 6 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതിഭാഗത്തിന്റെ വാദം ഏറെക്കുറെ പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ട്.

Comments